||| എല്ലാ ഉദ്യോഗസ്ഥരും അദ്ധ്യാപകരും റേഷൻകാർഡ് സംബന്ധമായ സത്യപ്രസ്താവന അടുത്ത മാസത്തെ ശമ്പളബില്ലിനോടൊപ്പം നൽകേണ്ടതാണ് ||| UPDATE|||

Kerala LPSA Helper

Kerala LP School Resources like Teaching Manuals, Teaching Aids, Videos, PPT, PDF, Excel, Software and ICT Items etc.. and Many More

സ്വാഗതം, കേരളത്തിലെ എൽ.പി സ്കൂളിൽ പഠിപ്പിക്കുന്ന എല്ലാ അധ്യാപകർക്കും മുതൽകൂട്ടാകുവാൻ വേണ്ടി രൂപീകരിച്ച ഒരു സൈറ്റ് ആണിത്. അധ്യാപകർക്കാവശ്യമായ എല്ലാ പഠന വിഭവങ്ങളും എൽ.പി സ്കൂളിലെ ഓഫീസ് സംബന്ധമായ കാര്യങ്ങളും ഇവിടെ ലഭ്യമാക്കുന്നു. പുതിയ കാര്യങ്ങൾ എന്തെങ്കിലും ഉൾപെടുത്തണമെങ്കിൽ അവ കമന്റ് വഴി ആവശ്യപ്പെടാം.
റേഷൻകാർഡ് സംബന്ധമായ സത്യപ്രസ്താവന (PDF Version) Fill It and Submit It.
Share Your Ideas
പ്രിയ അധ്യാപക സുഹൃത്തുക്കളെ നിങ്ങളുടെ സ്കൂളിൽ നടത്തിയ മികവ് പ്രവർത്തനങ്ങൾ ഈ ബ്ലോഗിൽ കൂടി നൽകുവാൻ താത്പര്യം ഉണ്ടെങ്കിൽ അവ എനിക്ക് അയച്ചുതരിക. ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്. കൂടുതൽ വിവരത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക. തനതായി രൂപീകരിച്ച വർക്ക്ഷീറ്റുകൾ ഉണ്ടെങ്കിൽ അതും ഇവിടെ ഷെയർ ചെയ്യാം.. വിലാസം :- mashhari30@gmail.com

അധ്യാപകന്‍

Releted Posts With this Label

പഠിപ്പിക്കുന്നയാള്‍ അഥവാ അധ്യാപനം നടത്തുന്നയാള്‍. അധ്യാപകന്‍ വിദ്യാഭ്യാസത്തിന്റെ മര്‍മപ്രധാനമായ ഒരു ഘടകമാണ്.
ലോകചരിത്രത്തിന്റെ പ്രാരംഭത്തില്‍ അധ്യാപനം ഒരു പ്രത്യേക തൊഴിലായി കണക്കാക്കപ്പെട്ടിരുന്നില്ല. തന്മൂലം അന്ന് അധ്യാപകര്‍ എന്ന ഒരു പ്രത്യേകവര്‍ഗം ഉണ്ടായിരുന്നില്ല. പൌരോഹിത്യവും അധ്യാപനവും ഒരുമിച്ചു കൊണ്ടുപോവുകയായിരുന്നു അന്നത്തെ സമ്പ്രദായം. പുരാതന യഹൂദ പുരോഹിതന്മാര്‍ ഇതിന് ദൃഷ്ടാന്തമാണ്. പ്രാചീന ഈജിപ്തില്‍ രാജകുടുംബാംഗങ്ങളുടെ വിദ്യാഭ്യാസാര്‍ഥം ചില ഉദ്യോഗസ്ഥന്മാരെ പ്രത്യേകം നിയോഗിച്ചിരുന്നു. സ്പാര്‍ട്ടായില്‍ തിരഞ്ഞെടുക്കപ്പെട്ട ചില പൌരന്മാരാണ് അധ്യാപനം നടത്തിയിരുന്നത്. എന്നാല്‍ ആഥന്‍സില്‍ തദ്ദേശീയര്‍ക്കു പുറമേ വിദേശീയരും അടിമകളും അത് നിര്‍വഹിച്ചിരുന്നു. പ്രതിഫലം വാങ്ങിക്കൊണ്ട് ആദ്യമായി അധ്യാപനം നടത്തിയിരുന്നത് ആഥന്‍സിലെ സോഫിസ്റ്റുകളാണ്. ആധ്യാത്മികകാര്യത്തിന് പ്രാധാന്യം കല്പിച്ചിരുന്ന പ്രാചീനജനത മതപുരോഹിതന്മാരെ അധ്യാപകരായി അംഗീകരിച്ചു. ബുദ്ധന്‍, ക്രിസ്തു, മുഹമ്മദ്നബി മുതലായ മഹാന്മാര്‍ അധ്യാപകന്മാരായിരുന്നു. ആദിമവര്‍ഗക്കാരില്‍ പല കൂട്ടരിലും പ്രത്യേകം അധ്യാപകവിഭാഗം ഇല്ലായിരുന്നു. കുടുംബത്തിലെ പുരുഷന്മാര്‍ തൊഴിലും ഭാഷയും അഭ്യസിപ്പിക്കുക എന്നതായിരുന്നു അവര്‍ക്കിടയിലെ പതിവ്. മധ്യകാലഘട്ടത്തില്‍ പാശ്ചാത്യരാജ്യങ്ങളില്‍ അധ്യാപകവൃത്തിയിലേര്‍പ്പെട്ടിരുന്നത് ക്രൈസ്തവ പുരോഹിതന്മാരായിരുന്നു. നവോത്ഥാനത്തോടുകൂടി അതുവരെ പുരോഹിതന്മാരുടെ കുത്തകയായിരുന്ന അധ്യാപനകര്‍മം മറ്റുള്ളവരും ഏറ്റെടുത്തു തുടങ്ങി. അന്ന് മുതല്‍ക്കാണ് യൂറോപ്പില്‍ ഒരു പ്രത്യേക അധ്യാപകവര്‍ഗം ഉരുത്തിരിഞ്ഞുവന്നത്.
ഇന്ത്യയില്‍ പണ്ട് ഗുരുകുലവിദ്യാഭ്യാസമാണ് നിലവിലുണ്ടായിരുന്നത്. അധ്യാപനം നടത്തിയിരുന്നവര്‍ ഋഷികളും ഋഷിതുല്യരുമായിരുന്നു. ആധ്യാത്മികാചാര്യന്‍മാരായിരുന്ന അവര്‍ തന്നെയാണ് അധ്യേതാക്കള്‍ക്കു ഭൌതികവിദ്യാഭ്യാസവും നല്കിയിരുന്നത്. വിദ്യാഭ്യാസത്തിന്റെ പരമലക്ഷ്യം അധ്യാത്മജ്ഞാനമാണെന്നും വിജ്ഞാനം അതിലേക്കുള്ള മാര്‍ഗങ്ങളാണെന്നും വിശ്വസിക്കപ്പെട്ടിരുന്നതുകൊണ്ടാണ് ആധ്യാത്മികാചാര്യന്മാരെ അധ്യാപകരായി സമൂഹം അംഗീകരിച്ചത്. ഇന്ത്യയില്‍ ബൌദ്ധ-ജൈനകാലഘട്ടത്തില്‍ ഭൌതികവിദ്യാഭ്യാസം നിര്‍വഹിക്കുന്നതിന് ഒരു പ്രത്യേക വര്‍ഗംതന്നെ ഉടലെടുത്തു. നളന്ദ, തക്ഷശില മുതലായവ ബൌദ്ധകാലഘട്ടത്തിലെ വിഖ്യാത വിദ്യാഭ്യാസകേന്ദ്രങ്ങളായിരുന്നു. ഇന്ത്യയില്‍ മുഗള്‍ഭരണകാലത്ത് മദ്രസകളില്‍ മതപുരോഹിതന്മാരും മതപണ്ഡിതന്മാരും അധ്യാപനം നടത്തിയിരുന്നു. ശില്പകലയും ഇതര കലകളും പ്രായോഗിക പരിശീലനത്തിലൂടെ വിദഗ്ധന്‍മാരില്‍നിന്ന് അഭ്യസിക്കുവാന്‍ കളം ഒരുക്കിയത് മതശാലകളാണ്. എങ്കിലും വിദ്യാഭ്യാസം സാര്‍വത്രികമായിരുന്നില്ല. അതു സാര്‍വത്രികമായതോടെയാണ് 'അധ്യാപകന്‍' എന്ന ഒരു പുതിയ വര്‍ഗം പ്രത്യേകമായി രൂപംകൊണ്ടത്. ക്രമേണ ഒരു അധ്യാപകന്‍ മാത്രമുള്ള പാഠശാലകള്‍ ആവിര്‍ഭവിച്ചു. കുടിപ്പള്ളിക്കൂടങ്ങള്‍ അഥവാ എഴുത്തുപള്ളികള്‍ എന്നാണ് കേരളത്തില്‍ അവയെ വിളിച്ചിരുന്നത്. ആശാന്‍ അഥവാ എഴുത്തശ്ശന്‍ (എഴുത്തച്ഛന്‍) എന്ന പേരില്‍ അധ്യാപകന്‍ അറിയപ്പെട്ടിരുന്നു. വിദ്യാഭ്യാസത്തിനായി കുട്ടികള്‍ അധികം വന്നുതുടങ്ങിയതോടെ ബഹ്വധ്യാപകവിദ്യാലയങ്ങള്‍ സ്ഥാപിതങ്ങളായി. അങ്ങനെ അധ്യാപകസമൂഹവും വികസിതമായി.
അധ്യാപക പദവി. അധ്യാപകനു സമൂഹം നല്കിയിരുന്ന സ്ഥാനം, പരിവര്‍ത്തന വിധേയമായിക്കൊണ്ടിരിക്കുന്നു. ജപ്പാനില്‍ ആദ്യകാലത്ത് അധ്യാപകന് വലിയ ബഹുമാന്യപദവിയുണ്ടായിരുന്നു. പാശ്ചാത്യദേശത്തെ ആദ്യകാലാധ്യാപകന്മാരായ സോഫിസ്റ്റുകള്‍ക്ക് അത്രമാത്രം പൂജ്യപദവി കല്പിച്ചിരുന്നില്ല. കമ്യൂണിസ്റ്റ് ഭരണത്തിനുമുമ്പ് ചൈനയില്‍ അധ്യാപകന്റെ സ്ഥാനം ഏറ്റവും താഴ്ന്നപടിയില്‍ ആയിരുന്നു. ഭാരതത്തില്‍ അധ്യാപകന്‍ എല്ലാവര്‍ക്കും മാന്യനായിരുന്നു. പരമ്പരാഗതവിശ്വാസത്താല്‍ ആ പദവി നിലനിന്നുപോരുകയും ചെയ്തു. അന്ന് സാമ്പത്തികനില പദവിനിര്‍ണയിക്കുന്നതിനുള്ള ഘടകമായിരുന്നില്ല. പിന്നീട് സാമൂഹികപരിവര്‍ത്തനം മൂലം, വരുമാനം ഒരുവന്റെ പദവി നിശ്ചയിക്കുന്ന സുപ്രധാന ഘടകമായിത്തീര്‍ന്നു. സാര്‍വത്രിക നിര്‍ബന്ധിത വിദ്യാഭ്യാസത്തിന്റെ വികസനം വിദ്യാഭ്യാസത്തില്‍ അടിസ്ഥാനപരമായ പല വ്യതിയാനങ്ങള്‍ വരുത്തി. പ്രാഥമികതലത്തില്‍ വളരെയധികം അധ്യാപകരെ വേണ്ടിവന്നതിനാല്‍ കുറഞ്ഞ വിദ്യാഭ്യാസയോഗ്യതയുള്ള വ്യക്തികളെ പ്രാഥമികാധ്യാപകരായി നിയമിക്കേണ്ടിവന്നു. തുച്ഛശമ്പളക്കാരായ ഇവരുടെ പദവി തന്മൂലം സമൂഹത്തില്‍ താഴുവാനിടയായി. സാമ്പത്തികാടിസ്ഥാനത്തില്‍ പ്രാഥമികാധ്യാപകരില്‍ ഭൂരിഭാഗം പേരും നിമ്നവിഭാഗത്തില്‍ (lower class) പെട്ടവരും, സെക്കണ്ടറി അധ്യാപകര്‍ ഉന്നതനിമ്നവിഭാഗം (upper lower class), നിമ്നമധ്യവിഭാഗം (lower middle class) എന്നിവയില്‍പെട്ടവരും, സര്‍വകലാശാലാധ്യാപകര്‍ ഉന്നത-മധ്യവിഭാഗം (upper middle class), നിമ്ന-ഉന്നതവിഭാഗം (lower upper class) എന്നിവയില്‍പ്പെട്ടവരും ആണെന്ന് കേരളമുള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലും നടത്തിയ ഗവേഷണങ്ങള്‍ തെളിയിക്കുന്നു. ഈ അടിസ്ഥാനത്തില്‍ ഹൈസ്കൂള്‍ അധ്യാപകരെയും സര്‍വകലാശാലാധ്യാപകരെയും ഈ പദവി ഭ്രംശം സാരമായി ബാധിച്ചില്ലെന്നു പറയാം. അധ്യാപകപദവി ഉയര്‍ത്തേണ്ടതിന്റെ ആവശ്യകത ഇന്ന് ഇന്ത്യാ ഗവണ്‍മെന്റിനു ബോധ്യമായിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ 1959 മുതല്‍ രാഷ്ട്രത്തിലെ വിവിധഭാഗങ്ങളില്‍നിന്നും തിരഞ്ഞെടുത്ത അധ്യാപകര്‍ക്ക് ദേശീയ അവാര്‍ഡ് നല്കിവരുന്നു. തുടര്‍ന്ന് ഭൂരിപക്ഷം സംസ്ഥാനങ്ങളും അധ്യാപകര്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തി. അധ്യാപകപരിശീലനഗവേഷണ-ദേശീയസമിതി, 1963 മുതല്‍ അധ്യാപകര്‍ക്കായി പ്രബന്ധമത്സരം നടത്തിവരുന്നു. വര്‍ഷംതോറും സെപ്. 5-ന് ദേശീയ അധ്യാപകദിനമായി �(നോ: അധ്യാപകദിനം) ആചരിക്കുന്നു. ഈ സംരംഭങ്ങള്‍ സമൂഹത്തില്‍ അധ്യാപകന്റെ പദവി ഉയര്‍ത്തുന്നതിനുവേണ്ടി ആവിഷ്കരിച്ചിട്ടുള്ളവയാണ്. വിദ്യാലയങ്ങളില്‍ ആരോഗ്യപരമായ പഠനാന്തരീക്ഷം സൃഷ്ടിക്കുകയും ബാഹ്യവും സാമൂഹികവുമായ പ്രതിലോമശക്തികളില്‍ നിന്ന് വിദ്യാഭ്യാസത്തെ ആരോഗ്യപരമായ അന്തരീക്ഷത്തിലേക്ക് മാറ്റുകയും ചെയ്യുന്നതിനും അദ്ധ്യാപകപദവിയുടെ മേന്മ വര്‍ധിപ്പിക്കേണ്ടതാവശ്യമാണ്. യു.ജി.സി.യുടെ ശിപാര്‍ശകള്‍ നടപ്പിലാക്കിയത് കലാശാലാധ്യാപകരുടെ പദവി ഉയര്‍ത്തുന്നതിന് സഹായകരമായി ഭവിച്ചിട്ടുണ്ട്.
പരിശീലനം. പണ്ടത്തെ ആചാര്യന്മാര്‍ അസാധാരണധിഷണാശാലികളും ബഹുമുഖപാണ്ഡിത്യമുള്ളവരും സിദ്ധന്മാരുമായിരുന്നതിനാല്‍ അധ്യാപനയോഗ്യത നേടുന്ന കാര്യം പരിഗണിക്കേണ്ടതായി വന്നിരുന്നില്ല. കൂടാതെ മനുഷ്യനാര്‍ജിച്ചിരുന്ന വിജ്ഞാനത്തിന്റെ സീമകള്‍ക്ക് ഇത്ര വികാസമുണ്ടായിരുന്നില്ല. ഒരാള്‍ക്ക് അനേകം വിഷയങ്ങളില്‍ അവഗാഹം നേടാന്‍ അത്ര വിഷമമില്ലായിരുന്നു. അതിനാല്‍ അധ്യാപകന്റെ യോഗ്യത ഒരു വലിയ പ്രശ്നമായിരുന്നില്ല. എന്നാല്‍ വിദ്യാര്‍ഥികളുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിക്കുകയും വിജ്ഞാനമണ്ഡലത്തില്‍ അഭൂതപൂര്‍വമായ വിസ്ഫോടനം സംഭവിക്കുകയും ചെയ്തതോടെ ഓരോ വിഷയവും അതില്‍ പ്രത്യേകം നൈപുണ്യമാര്‍ജിച്ചവര്‍തന്നെ പഠിപ്പിക്കേണ്ടതാണെന്ന നില വന്നുചേര്‍ന്നു. അപ്പോള്‍ ഈ നൈപുണ്യമാര്‍ജിക്കല്‍ അധ്യാപകന്റെ അവശ്യയോഗ്യതയായി പരിഗണിക്കേണ്ടിവന്നു. വിവിധഘട്ടങ്ങള്‍ക്കനുസരിച്ച് പ്രൈമറി, സെക്കണ്ടറി, സര്‍വകലാശാല എന്നീ തലങ്ങളിലെ അധ്യാപകര്‍ക്കുവേണ്ട സാമാന്യ വിദ്യാഭ്യാസ യോഗ്യതകളും പ്രത്യേക യോഗ്യതകളും ഇന്നവയെല്ലാമെന്ന് തിട്ടപ്പെടുത്തി. പ്രൈമറി അധ്യാപകന്റെ സാമാന്യവിദ്യാഭ്യാസയോഗ്യത എസ്.എസ്.എല്‍.സി.യും അധ്യാപനയോഗ്യത ടി.ടി.സി. യുമാണ്. സെക്കണ്ടറി അധ്യാപകന് സര്‍വകലാശാലാബിരുദവും ബി.എഡും ഉണ്ടായിരിക്കണം. സര്‍വകലാശാലാധ്യാപകന്‍ മാസ്റ്റര്‍ ബിരുദധാരിയും എം.ഫിലോ, ഗവേഷണബിരുദമോ ഉള്ളവരോ ദേശീയ/സംസ്ഥാന യോഗ്യതാ നിര്‍ണയ പരീക്ഷയില്‍ വിജയം നേടിയവരോ ആയിരിക്കണം. നോ: അധ്യാപക വിദ്യാഭ്യാസം
സ്വഭാവ യോഗ്യത. ആധുനികവിദ്യാഭ്യാസം ഒരു സാമൂഹിക പ്രവര്‍ത്തനമാണ്. ഏതു സമൂഹത്തിന്റെയും പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന പ്രധാന ഘടകം അതിന്റെ നേതൃത്വമാണല്ലോ. അനേകം കുട്ടികളുള്ള ക്ളാസ് എന്ന സമൂഹത്തിന്റെ നേതാവാണ് അധ്യാപകന്‍. ആകയാല്‍ ക്ളാസ് പ്രവര്‍ത്തനത്തിന്റെ കാര്യക്ഷമത മിക്കവാറും അധ്യാപകന്റെ നേതൃത്വത്തെ ആശ്രയിച്ചിരിക്കുന്നു.
സ്വേച്ഛാധിപതി (autocrat), ജനായത്തവിശ്വാസി (democrat), ഉദാസീനന്‍ (laissez) എന്നിങ്ങനെ അധ്യാപകര്‍ മൂന്നു വിധത്തിലാണ്. ഇവരില്‍വച്ച് ജനായത്തരീതികള്‍ അവലംബിച്ച് അധ്യാപനം നടത്തുന്ന അധ്യാപകന്റെ ക്ളാസ്സിലാണ് വിദ്യാഭ്യാസത്തിന് ഏറ്റവും അനുകൂലമായ അന്തരീക്ഷം ഉണ്ടാവുക എന്ന് നിരീക്ഷണങ്ങള്‍ തെളിയിച്ചിരിക്കുന്നു. അതിനാല്‍ പഴയ കാലത്തുണ്ടായിരുന്ന ഒരുതരം ഭീകരത്വം ഉപേക്ഷിച്ച് കുട്ടികളെ സ്നേഹിച്ചും അവരുടെ കഴിവുകളെ മാനിച്ചും അവരിലുള്ള ന്യൂനതകളില്‍ അനുഭാവം ഉള്‍ക്കൊണ്ടും അധ്യാപനം ചെയ്യുവാനുള്ള കഴിവ് അധ്യാപകന്റെ ഒരു യോഗ്യതയായി (അലിഖിത നിയമപ്രകാരം) അംഗീകരിക്കപ്പെട്ടിരിക്കയാണ്.

ചുമതലകള്‍. അധ്യാപകന്റെ കര്‍ത്തവ്യങ്ങള്‍ പലതാണ്. വിദ്യാര്‍ഥികളുടെ ശാരീരികവും മാനസികവും സാമ്പത്തികവും സാമൂഹികവും ജാതിപരവും മതപരവും ആയ പരിഗണനകള്‍ കൂടാതെ അവരോട് നിഷ്പക്ഷമായി പെരുമാറണം. ഓരോ വിദ്യാര്‍ഥിയുടെയും വ്യക്തിത്വ വ്യത്യാസത്തെ കണക്കിലെടുത്ത് ആവശ്യങ്ങള്‍ക്കനുസരണമായി പ്രവര്‍ത്തിച്ച് ലക്ഷ്യം നേടിയെടുക്കുന്നതിനുവേണ്ടി, ബുദ്ധിപരവും സര്‍ഗാത്മകവും ആത്മപ്രകാശനപരവുമായ സിദ്ധികള്‍ പുഷ്ടിപ്പെടുത്തുന്നതിന് അവരെ പ്രോത്സാഹിപ്പിക്കണം. രക്ഷാകര്‍ത്താക്കളുടെ അടിസ്ഥാനോത്തരവാദിത്വത്തെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്ത് അവരോട് സഹകരിച്ച് ഓരോ വിദ്യാര്‍ഥിയുടെയും സ്വഭാവ രൂപവത്കരണത്തിന് ശ്രമിക്കണം.

അക്രമണാസക്തി, കലഹപ്രിയം, അപക്വവ്യക്തിത്വം ഇവയുള്ള അധ്യാപകന്‍ തന്റെ കീഴില്‍ ശിക്ഷണത്തിന് വിധേയരാകുന്നവരുടെ മാനസിക വളര്‍ച്ചയെ മുരടിപ്പിക്കുന്നു. ധൈര്യം, ഭാവന, അച്ചടക്കം, സഹിഷ്ണുത, ക്ഷമാശീലം, സമര്‍പ്പണമനോഭാവം, കര്‍ത്തവ്യബോധം, സ്വയം ശരിയെന്നു തോന്നുന്ന കാര്യങ്ങളില്‍ ഉറച്ച നില സ്വീകരിക്കല്‍ എന്നിവയില്‍ നിപുണനായ അധ്യാപകന്‍ വിദ്യാര്‍ഥികള്‍ക്ക് അനുകരണീയമായ മാതൃകയായിത്തീരുന്നു. നിലവിലുള്ള കാലഘട്ടത്തിന്റെ സവിശേഷതകളെ കണക്കിലെടുത്തുകൊണ്ട് അധ്യാപകന്‍ ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടതാണ്. സമൂഹത്തിന്റെ ഉന്നതിക്ക് നിദാനമായ കാര്യങ്ങള്‍ തന്റെ കഴിവനുസരിച്ച് സമര്‍പ്പണമനോഭാവത്തോടെ ചെയ്യാനുള്ള സന്നദ്ധത അദ്ദേഹത്തിന് ഉണ്ടായിരിക്കണം. ജനാധിപത്യത്തെ കാത്തു ശക്തിപ്പെടുത്തുകയും പൌരന്മാരെ സ്വാശ്രയശീലമുള്ളവര്‍ ആക്കുകയുമാണ് ആധുനികഭരണസംവിധാനത്തില്‍ വിദ്യാഭ്യാസത്തിന്റെ പ്രധാനലക്ഷ്യങ്ങള്‍. ഈ ലക്ഷ്യപ്രാപ്തിക്കു വേണ്ടതായ അറിവും വൈദഗ്ധ്യവും ജനലക്ഷങ്ങളില്‍ വളര്‍ത്തിയെടുക്കുന്നതിന് അധ്യാപകന്‍ മാര്‍ഗനിര്‍ദേശം നല്‍കണം. ജനായത്തസംവിധാനത്തിന്റെ ഉത്കൃഷ്ടവശങ്ങളെപ്പറ്റി അറിവും, അതിനോട് തനിക്കുള്ള കടമയെക്കുറിച്ചുള്ള യാഥാര്‍ഥ്യബോധവും അദ്ദേഹത്തിന് ഉണ്ടായിരിക്കണം. ലോകജനതയോടും അവരുടെ സംസ്കാരത്തോടും സഹാനുഭൂതി പ്രകടിപ്പിച്ച് രാഷ്ട്രങ്ങളിലെ ജനകോടികളുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനുംവേണ്ടി പ്രവര്‍ത്തിച്ച് ഏകലോകചിന്താഗതി വളര്‍ത്തിയെടുക്കാനും അധ്യാപകര്‍ സദാസന്നദ്ധരായിരിക്കണം.
(ഡോ. പി. പദ്മനാഭന്‍ നായര്‍)
Get Free Updates:
*Please click on the confirmation link sent in your Spam folder of Email*
Previous
Next Post »
0 Comments for "അധ്യാപകന്‍"

 
Thanks for Your Visit, Visit Again. DISCLAIMER :- If any of the information available on this blog violates or infringes any of your copyright protection, leave a comment . This blog makes no representations as to accuracy, completeness, correctness or validity of any information on this site and will not be liable for any errors, or delays in this information. The information contained in this blog is subject to change without notice. All the content avilable on this blog is informational purpose only.Reproduction and republishing of contents from here to any other websites or blogs is strictly prohibited.
Template By Kunci Dunia