ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

ഒരു തമാശ

Mashhari
0

"നമ്മുടെ ദേശീയപതാകയ്ക്ക് എത്രവർണ്ണങ്ങളുണ്ട്....."???
ശാന്തമ്മ ടീച്ചറുടെ ഈണത്തിലുളള ചോദ്യം!

ചോതിച്ച് തീരുംമുമ്പേ ഞങ്ങളുടെ ക്ലാസ് ഒന്നടങ്കം പാടി..
" മൂൂൂൂന്ന്..."

ആ 'മൂന്ന്' സ്കൂൾ മുഴുവൻ അലയടിച്ചു...;

അതങ്ങനെയാണ്, അറിയാവുന്ന ഉത്തരമാണെങ്കിൽ കുറച്ചാവേശം കൂടിപ്പോവും.. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല , വല്ലപ്പോഴും മാത്രമേ ഇങ്ങനെ അറിയുന്ന ചോദ്യങ്ങൾ കിട്ടാറുളളൂ !!

"ഞാൻ ചോതിക്കുന്നവര് മാത്രം പണഞ്ഞാ മതി ; എല്ലാരും കിടന്ന് കാറണ്ട !! "
ആളിക്കത്തിയ ഞങ്ങളുടെ ആവേശത്തിലേക്ക് ടീച്ചർ വെളളം കോരിയൊഴിച്ചു ;
ക്ലാസ് മൊത്തം കരിഞ്ഞ മണം !

എല്ലാരും മിണ്ടാതെ ഇരിക്കുന്നു;

ടീച്ചർ എന്ടെ അരികിലേക്ക് വന്ന് , എന്നെ നോക്കി നിന്നു.. കണ്ണട അൽപം താഴോട്ടാക്കി കണ്ണ്‍ അതിന് മുകളിലൂടെ പുറത്തേക്കിട്ടാണ് നോട്ടം.,
"ഇങ്ങനെ കഷ്ടപ്പെടണോ ; കണ്ണട അഴിച്ച് വെച്ചാപ്പോരേ ..." എന്ന് ഞാനൊരുപാട് തവണ ചിന്തിച്ചിട്ടുണ്ട് !!

'ടീച്ചർ വന്ന കാര്യം പറ 'എന്ന മട്ടിൽ ഞാൻ ടീച്ചറെയും നോക്കി !!

തൊലി പോക്കി വെളുപ്പിച്ച് മിനുസപ്പെടുത്തിയ ചെമ്പരത്തിച്ചെടിയുടെ കൊളളി എന്ടെ മൂക്കിന് നേരെ ചൂണ്ടി ടീച്ചർ ചോതിച്ചു
'ആ മൂന്ന് വർണ്ണങ്ങൾ ഏതൊക്കെയാടാ ...?'

"ങ്ങേ !"

"ങ്ങേന്നല്ല ; ദേശീയ പതാകയിലെ ആ മൂന്ന് വർണ്ണങ്ങൾ ഏതൊക്കെയാന്ന് ?? "

"പച്ച , ചോപ്പ് , വെളള "
ഒരു ശെരിയുത്തരം പറഞ്ഞ 'ഗമ'യിൽ ടീച്ചറെ നോക്കി പല്ലിളിച്ച് നിൽക്കവേ....

ചെമ്പരത്തിക്കൊളളി മുഖത്തിന് നേരെ വെച്ച് വട്ടം വരച്ചോണ്ട് ടീച്ചർ കണ്ണ്‍ പുറത്തേക്കിട്ട് പറഞ്ഞു...

"ക്രമത്തിൽ പറയെടാ !!! "

പണി പാളി ;
ക്രമം ലേശം ബുദ്ധിമുട്ടാവും !!

വാടാ ചക്കരേ എന്ന മട്ടിൽ വടിയെ നോക്കി ഞാൻ നിൽക്കുമ്പൊ ;

എന്നോട് എന്തോ ഒരിത്‌ തോന്നിയ ഒരു പെണ്‍കുട്ടി ; ടീച്ചർ കാണാതെ 'കപിൽദേവ്'
പതാകയും പൊക്കിപ്പിടിച്ച് നിൽക്കുന്ന 'ചട്ട'യുളള നോട്ട്ബുക്ക് എനിക്ക്‌ കാണിച്ചു തന്നു..!

ഒരു വട്ടം പതാകയിലും, പിന്നെ അവളുടെ കളങ്കമില്ലാത്ത സ്നേഹം തുളുമ്പുന്ന മുഖത്തേക്കും നോക്കി ഞാനുത്തരം പറഞ്ഞു..
"ചോപ്പ്
വെളള
പച്ച "

ഉത്തരം പറഞ്ഞ് തീരും മുമ്പേ എൻടെ ചെവി പിടിച്ച് കറക്കി മുഖം സ്കൂൾ ഗ്രൗണ്ടിലെ കൊടിമരത്തിലേക്ക് തിരിച്ച് പിടിച്ച് അവിടെയുളള പതാകയിലേക്ക് ചൂണ്ടി ടീച്ചർ ചോതിച്ചു...;

"ചുവപ്പാണോ കഴുതേ അത് !? "

ഞാൻ നോക്കിയിട്ട് വെളളയും പച്ചയും കാണുന്നപോലെ ചുവപ്പ് തന്നെയാണ് അവിടെയും കണ്ടത് ;
പിന്നെ ടീച്ചറെന്തിനാ എൻടെ ചെവി പിടിച്ച് കറക്കിയത് ?

ശാന്തമ്മ ടീച്ചറെ കാഴ്ച്ച ശക്തി പോയോ പടച്ചോനേ...ന്ന് വിചാരിച്ച് ഞാൻ വിഷമത്തോടെ നിന്നു !!

ടീച്ചർ പെണ്‍കുട്ടികളുടെ നേരെ തിരിഞ്ഞു..;

എനിക്ക് കപിൽദേവിനെ കാണിച്ചു തന്ന പെണ്‍കുട്ടിയുടെ തോളത്ത് തട്ടി പറഞ്ഞു ,
"നീ പറ "

അവൾ എഴുന്നേറ്റ് നിന്ന് ഉത്തരം പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി ;

ങ്ങേ... അതൊരു പൂവിൻടെ പേരല്ലേ ; കുങ്കുമം!!!

"കുങ്കുമം , വെളള , പച്ച "

'ഗുഡ്...കുട്ടി ഇരിക്കൂ '

അപ്പൊ ഞാനോ !!

'നീ നാളെ 1000 വട്ടം
"കുങ്കുമം, വെളള, പച്ച"
എന്നെഴുതിയിട്ട് ക്ലാസ്സിൽ കേറിയാ മതി !! '

ന്നാലും വേണ്ടില്ല, ഒരു തീരുമാനമായല്ലോ എന്ന മട്ടിൽ ഞാൻ ബെഞ്ചിലിരുന്നു !!

പറഞ്ഞാൽ കേൾക്കുന്ന കുട്ടി ആയത് കൊണ്ട് വൈകുന്നേരം സ്കൂൾ വിട്ട് പോവുമ്പൊ ചാക്കോച്ചേട്ടന്റെ കടയിൽ നിന്ന് എഴുതാനുളള പത്തിരുപത് പേപ്പറും വാങ്ങിയാണ് വീട്ടിലേക്ക് പോയത്...;

പിറ്റേന്ന് സ്കൂളിൽ പോവാതെ ഇരുന്നെഴുതി (ഉത്തരവാദിത്തം !)

അന്ന് വൈകുന്നേരം അടുക്കള ഭാഗത്തെ അമ്മിത്തണയിലിരുന്ന് അവിലും ചായയും അടിക്കുമ്പൊ ക്ലാസ്മേറ്റും കൂട്ടുകാരനും അയൽവാസിയുമായ ഷഫീക്ക് സ്കൂൾ വിട്ട് വരുന്നു..;

"ഞാനിന്ന് ലീവാക്കിയത് ആരേലും ചോയിച്ചീനോ ; ഞാൻ ഫുൾ എഴുതി, നാളെ വരും"

'ആ...' ന്നും പറഞ്ഞ് അവൻ വീട്ടിലേക്ക് പോയി.

എന്താന്നറിയില്ല ; അവനൊരു മൂഡില്ല !! എന്താ പ്രശ്നം ;
ആ....' എന്തേലുമാവട്ടെ !

പിറ്റേന്ന് ക്ലാസ്സിൽ കേറും മുമ്പേ ഓഫീസ് റൂമിൽ പോയി ഇരുപത് പേപ്പറുകളിലായി ആയിരം വട്ടം ഞാനെഴുതിയ വർണ്ണലോകം ഞാൻ ശാന്തമ്മ ടീച്ചർക്ക് കൈമാറി !!

മറ്റുക്ലാസുകളിലെയും ഒരുപാട് കുട്ടികൾ ഓഫീസ് റൂമിൽ വന്ന് എല്ലാ അദ്ധ്യാപകർക്കും ഇങ്ങനെ ഓരോ കെട്ടുകൾ കൊടുക്കുന്നുണ്ട് ;

എന്ടെ കെട്ട് , ഞാൻ കഷ്ട്ടപ്പെട്ടെഴുതിയ കെട്ട് ഒന്ന് നോക്കുക പോലും ചെയ്യാതെ ജനലിലൂടെ കഞ്ഞിപ്പുരയിലേക്കിട്ടു !! (ഉച്ചക്കഞ്ഞി വെക്കുമ്പോൾ ചേരിയും ചിരട്ടയും പോരാഞ്ഞിട്ടായിരിക്കും;  ഓഫീസ് റൂമിൻടെ ജനലിനുളളിലൂടേ കഞ്ഞിപ്പുരയിലേക്ക് ഈ പേപ്പറുകൾ ഇട്ട് കൊടുക്കും !! )

ശാന്തമ്മ ടീച്ചറെന്നോട് പറഞ്ഞു....;

"എടാ, നീയൊക്കെ ഒരുത്തരം പറയുന്നത് കേൾക്കാനുളള ആഗ്രഹം കൊണ്ടാണ് ഇത്രേം
ഈസിയായ ചോദ്യം ചോദിക്കുന്നത് ;
നിനക്കൊക്കെ വല്ല തൂമ്പാപ്പണിക്കും പോയിക്കൂടെ !"

ഞാൻ സ്ഥിരം മറുപടിയായ ഒരു ചിരി സമ്മാനിച്ച് പുറത്തേക്കിറങ്ങുമ്പൊ ഓഫീസ് റൂമിൻടെ പടിക്കൽ ഒരു വലിയ കെട്ട് പേപ്പറുകളുമായി ഷഫീക്ക് നിൽക്കുന്നു ;

ഞാൻ ലീവാക്കിയ ദിവസം അവന് കിട്ടിയ മുട്ടൻ പണിയാണ് ആ പേപ്പറുകളിൽ എന്നെനിക്ക് മനസ്സിലായി ;

ക്ലാസിൽ പോയന്വേഷിച്ചപ്പൊഴാണ് കാര്യമറിഞ്ഞത് !!

ദേശീയപതാകയിലെ വെളള വർണ്ണത്തിൻടെ മധ്യത്തിലുളള‌ ചക്രത്തിൻടെ പേര് ??

ആദ്യമായി ഇവൻടെ വായിൽ നിന്ന് ഒരുത്തരം കേൾക്കാനുളള ആഗ്രഹം കൊണ്ട് ടീച്ചറിവനോട് ചോതിച്ചു...

ചക്രം കറക്ടായിരുന്നു ; അശോകൻ 'കേശവനാ'യിപ്പോയി !!

2000 പ്രാവശ്യമെഴുതിയ "അശോകചക്രം" പിടിച്ച് നിൽക്കുന്ന ഷഫീക്കിനെയാണ് ഞാനവിടെ കണ്ടത് "!!!

" ഞാനായിരമല്ലേ എഴുതിയത് ;
ഇവനെന്തിനാ രണ്ടായിരം !!"??

ഒരുപാടാലോചിച്ചപ്പൊഴാണ് എനിക്ക് കാര്യം മനസ്സിലായത് ;
ഞാനെഴുതിയത്
കഞ്ഞിക്കാണ്,

ഇവനെഴുതിയത് ചെറുപയറിനും;

ചെറുപയറിന് 'വേവ്' കൂടുതലാത്രേ...!!
😝

*******ശുഭം*********

Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !