Second Term Examination Timetable Kerala Teachers Eligibility Test NOTIFICATION November 2017.

Saturday, 15 April 2017

വിഷുക്കണി - വൈലോപ്പിള്ളി

നീളമേറുന്നൂ, ചൂടും,
നിതരാം ദിനങ്ങൾക്കു
ചൂളയിൽനിന്നെന്നപോ-
ലടിക്കും പൊടിക്കാറ്റിൽ
നീറിവേ,ർത്തിമ താണു
കാണുകയാവാം ഭദ്രേ
നീ പകൽക്കിനാവ് -
പൂഞ്ചോലകൾ, വനങ്ങളും
അതു നല്ലത്, പക്ഷെ
വിഹരിപ്പതീ വെയ്ലിൽ
പുതുവേട്ടാളൻ കുഞ്ഞു-
പോലെയെൻ കുട്ടിക്കാലം
വാടതെയുണ്ടെന്നുള്ളിൽ
പണ്ടുകാലത്തിൻ നീണ്ട
ചൂടാണ്ട മാസങ്ങളിൽ
പൂവിട്ടൊരുല്ലാസങ്ങൾ!
കൂട്ടുകാരോടുംകൂടി-
പ്പാഞ്ഞെത്തിപ്പെറുക്കുന്ന
നാട്ടുമാമ്പഴങ്ങൾതൻ
ഭിന്നഭിന്നമാം സ്വാദും,
വയലിൻ കച്ചിപ്പുക-
മണവും സ്വർഗ്ഗത്തിലേ-
യ്ക്കുയരും വെണ്മുത്തപ്പ-
ത്താടിതൻ ചാഞ്ചാട്ടവും,
കശുവണ്ടിതൻ കൊച്ചു
കോമാളിച്ചിരിയും, കണ്‍-
മഷി ചിന്നിയ കുന്നി
മണിതൻ മന്ദാക്ഷവും ,
കടലിൻ മാറത്തു നി-
ന്നുയരും കാറ്റിൽ തെങ്ങിൻ-
മടലിൽ പച്ചോലകൾ
കല്ലോലമിളക്കുമ്പോൾ
വെട്ടിയ കുളങ്ങൾതൻ
പഞ്ചാരമണൽത്തിട്ടിൽ
വെട്ടവും നിഴലും ചേർ-
ന്നിയലും നൃത്തങ്ങളും
ഞാനനുഭവിക്കയാ-
ണോർമ്മയിൽ, ചുടുവെയ്ലിൽ
സാനന്ദം കളിച്ചാർക്കും
തോഴർതൻ ഘോഷങ്ങളും,
തേക്കുകാരുടെ പാട്ടും
അമ്മമാരുടെ നേരം-
പോക്കു,മാ നാടൻ ചക്കിൻ
സ്നിഗ്ദ്ധമാം ഞരക്കവും!
ഹാ, വെളിച്ചത്തിന്നോമ-
ന്മകളേ, കണിക്കൊന്ന-
പ്പൂവണിപ്പൊന്മേടമേ,
നല്ലനദ്ധ്യായത്തിന്റെ
ദേവതേ, സൂരോഷ്ണത്തെ-
ത്തൂനിഴലഴികളിൽ
കേവലം തടവിൽച്ചേർ-
ത്തുഗ്രവേനലിനേയും
എന്റെയീ മലനാട്ടി-
ലുത്സവക്കൊടിക്കീഴിൽ
ചെണ്ടകൊട്ടിയ്ക്കും നിന്റെ
ചാതുര്യമെന്തോതേണ്ടു?
മഴയെപ്പുകഴ്ത്തട്ടേ
മണ്ടൂകം, മാവിൻ ചുന
മണക്കും മേടത്തിന്റെ
മടിയിൽപ്പിറന്ന ഞാൻ
സ്വർഗ്ഗവാതിൽപക്ഷിയോ-
ടോപ്പമേ വാഴ്ത്തിപ്പാടു-
മുദ്ഗളം മലനാടു
വേനലിന്നപദാനം!
പിന്നെയുമൊന്നുണ്ടു, പ-
ണ്ടൊരു വേനലിലച്ഛൻ
കണ്ണട,ച്ചെൻവീടെല്ലാം
പകലുമിരുണ്ടപ്പോൾ
വന്നു ഞാൻ ഭദ്രേ കണി
കാണാത്ത കൌമാരത്തിൻ
ഖിന്നതയോടേ വിഷു-
നാളിൽ നിൻ തറവാട്ടിൽ.
അപ്പുറത്തുത്സാഹത്തി-
ലാണു നിന്നേട്ടൻ, ഞാനോ
നിഷ്ഫലമെന്തോ വായി-
ച്ചുമ്മറത്തിരിക്കവേ
മിണ്ടാതെയാരോ വന്നെൻ
കണ്മിഴി പൊത്തി, "ക്കണി-
കണ്ടാലു,"മെന്നോതി ഞാൻ
പകച്ചു നോക്കുന്നേരം
എന്തൊരത്ഭുതം, കൊന്ന-
പ്പൂങ്കുല വാരിച്ചാർത്തി-
സ്സുന്ദരസ്മിതം തൂകി
നില്ക്കുന്നു നീയെൻ മുന്നിൽ!
ലോലമായ്‌, വിളർത്തൊന്നു-
മറിയാത്തൊരു കുരു-
ത്തോല പോലെഴും പെണ്ണി
ന്നിത്ത്രമേൽ കുറുമ്പെന്നോ?
"പരിഹാസമോ, കൊള്ളാം"
എന്ന് ഞാൻ ചോദിയ്ക്കെ,യ-
പ്പരിതാപത്തിന്നാഴം
പെട്ടെന്നു മനസ്സിലായ്
ബാഷ്പ്പസങ്കുലമായ
കണ്‍കളോ "ടയ്യോ മാപ്പെ"
ന്നാപ്പരിമൃദുപാണി
നീയെന്റെ കൈയിൽ ചേർക്കെ,
ആ വിഷുക്കണി കണ്ടും
കൈനീട്ടം മേടിച്ചുമെൻ
ജീവിതം മുൻകാണാത്ത
ഭാഗ്യത്തെയല്ലോ നേടി!
തേനാളും കനിയൊന്നും
തിരിഞ്ഞു നോക്കീടാതെ
ഞാനാകും പുളിങ്ങയെ
യെങ്ങനെ കാമിച്ചു നീ ?
പിന്നീടു ദുഖത്തിന്റെ
വരിഷങ്ങളും, മൗഢ്യം
ചിന്നീടും പല മഞ്ഞു-
കാലവും കടന്നു നാം
പിരിയാതെന്നേയ്ക്കുമായ്
കൈ പിടിക്കവേ, നിന്റെ
ചിരിയായ് വിഷുക്കണി-
യായിതെന്നുമെൻ വീട്ടിൽ
ഇങ്ങകായിലും, കായി-
ട്ടുല്ലസിക്കുമിത്തൊടി-
യിങ്കലും, തൊഴുത്തിലും,
തുളസിത്തറയിലും
പതിവായ് തവ നാളം
ദ്യോതിയ്ക്കേ, മമ യത്നം
പതിരായ്ത്തീരാറില്ലി-
പ്പുഞ്ചനെല്പ്പാടത്തിലും.
കീഴടക്കുന്നൂ പോലും
മനുജൻ പ്രകൃതിയെ!
കീഴടക്കാതേ, സ്വയ-
മങ്ങു കീഴടങ്ങാതെ
അവളെ സ്നേഹത്തിനാൽ
സേവിച്ചു വശയാക്കി,-
യരിയ സഖിയാക്കി
വരിച്ചു പാലിയ്ക്കുകിൽ
നാം ഭുജിക്കില്ലേ നിത്യ-
മാ വരദയോടൊത്തു
ദാമ്പത്യസുഖം പോലെ
കായ് മുറ്റുമൊരു സുഖം?
ഒന്നുതാനിനി മോഹം,
കണിവെള്ളരിയ്ക്കപോൽ
നിന്നുടെ മടിത്തട്ടിൽ
തങ്കുമീ മണിക്കുട്ടൻ
ഏതു ധൂസര സങ്കൽ-
പ്പങ്ങളിൽ വളർന്നാലും,
ഏതു യന്ത്രവല്ക്കൃത
ലോകത്തിൽ പുലർന്നാലും,
മനസ്സിലുണ്ടാവട്ടേ
ഗ്രാമത്തിൻ വെളിച്ചവും
മണവും മമതയും -
ഇത്തിരി കൊന്നപ്പൂവും! 
Share Your Ideas
പ്രിയ അധ്യാപക സുഹൃത്തുക്കളെ നിങ്ങളുടെ സ്കൂളിൽ നടത്തിയ മികവ് പ്രവർത്തനങ്ങൾ ഈ ബ്ലോഗിൽ കൂടി നൽകുവാൻ താത്പര്യം ഉണ്ടെങ്കിൽ അവ എനിക്ക് അയച്ചുതരിക. ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്. കൂടുതൽ വിവരത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക. തനതായി രൂപീകരിച്ച വർക്ക്ഷീറ്റുകൾ ഉണ്ടെങ്കിൽ അതും ഇവിടെ ഷെയർ ചെയ്യാം.. വിലാസം :- mashhari30@gmail.com

Labels

അക്ഷരം അക്ഷരപ്പാട്ട് അക്ഷരമുറ്റം അധ്യാപകന്‍ അനുഷ്ഠാനകലകള്‍ അമൃതം അവധി എല്ലാ അധ്യാപകരും വായിച്ചിരിക്കേണ്ട ഒരു കത്ത്‌ ഒരുമയുടെ ആഘോഷം കടങ്കഥകൾ കഥകളി കവിത കുട്ടിക്കവിതകൾ കുട്ടിപ്പുര കൃഷിച്ചൊല്ലുകൾ ക്വിസ് ഗണിത ഗാനം ചോക്കുപൊടി തമാശ താരയുടെ വീട് ദിനാചരണം നമ്മുടെ കലകൾ നാടൻ‌കളി നാടോടിപ്പാട്ട് നൃത്തരൂപങ്ങൾ പക്ഷികൾ പഠനോപകരണങ്ങള്‍ പരിസരപഠനം പഴങ്ങൾ പഴഞ്ചൊല്ലുകൾ പൂക്കളെ അറിയാം പ്രതിജ്ഞ പ്രശ്നോത്തരി മണവും മധുരവും മത്സ്യങ്ങൾ മലയാളത്തിളക്കം മഹിതം മഴ മഴപഴംഞ്ചൊല്ലുകള്‍ മഴമേളം മുരളി കണ്ട കഥകളി രാമായണം ലഘുകുറിപ്പ് വയൽ വർണ്ണന വായനാദിനം വീട് നല്ല വീട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംസ്ഥാനങ്ങൾ സസ്യങ്ങൾ