ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

ദൗർബല്യമറിഞ്ഞ് കരുതലോടെ കാത്തിരുന്നാൽ.....

Mashhari
0
✍🏻 *ദൗർബല്യമറിഞ്ഞ്* *കരുതലോടെ* *കാത്തിരുന്നാൽ* ...

💡ജിറാഫ് പ്രസവിക്കുന്നൊരു കാഴ്ചയുണ്ട്. ജനിക്കുമ്പോൾ *ആറടിയിലധികം* ഉയരത്തിൽനിന്ന് കുഞ്ഞ് *താഴെവീഴും.* അതിന്റെയാഘാതത്തിൽ *ചലനമറ്റു* കിടക്കും. അപ്പോൾ അമ്മ, തന്റെ നീളമുള്ള കഴുത്തൊന്നു തിരിച്ചുവിട്ടിട്ട്, കുഞ്ഞിനെ *മണപ്പിച്ചുനോക്കും.* പിന്നെ കാലുമടക്കി *ഒറ്റത്തൊഴിയാണ്.* അതിന്റെ ശക്തിയിൽ *കുഞ്ഞ് ദൂരേക്ക് തെറിച്ചുവീഴും.* വേദനയാൽ ശരീരമൊന്നിളക്കാൻ ശ്രമിക്കും. പറ്റാതെ അവിടെത്തന്നെ *നിശ്ചലമായി* കിടക്കും.

💡അമ്മ അവിടേക്കെത്തും. കുഞ്ഞിനെ *ഒന്നുകൂടി തൊഴിക്കും.* കുഞ്ഞുജിറാഫ് *എഴുന്നേറ്റു നില്ക്കുന്നതുവരെ* അമ്മയുടെ തൊഴി തുടരും. എഴുന്നേറ്റാലും വെറുതെ വിടില്ല. വിറച്ചുനില്ക്കുന്ന കുഞ്ഞിന്റെ *ദുർബലാവസ്ഥയിലുള്ള കാലിലാണ് പിന്നത്തെ തൊഴി.* ഒടുവിൽ കുഞ്ഞ് അടി ഭയന്ന് തന്റെ വേച്ചുപോകുന്ന കാലുമായി *വേഗത്തിൽ ഓടുന്നതോടെ* ഈ അടിയുത്സവം സമാപിക്കും.

💡അമ്മജിറാഫിന്റെ ഈ പ്രവൃത്തി വിചിത്രവും ക്രൂരവുമായി തോന്നാം. പക്ഷേ, അമ്മയ്ക്കത് *കുഞ്ഞിനുള്ള സുരക്ഷയാണ്.* വന്യമൃഗങ്ങൾ കഴിയുന്ന കാട്ടിൽ, വേഗത്തിൽ അവയുടെ ഇരയായിത്തീരാതിരിക്കാൻ, ഓടിരക്ഷപ്പെടാൻ *ജനിച്ചയുടൻ കുഞ്ഞിനു നല്കുന്ന പരിശീലനമാണത്.*

💡 *വേദന ഏറ്റുവാങ്ങാൻ അനുവദിക്കാതെ* വളർത്തിയാൽ *ദുർബലമായ കാലുമായി* ഏതെങ്കിലും ശക്തനായ മൃഗത്തിന്റെ ആഹാരമായി കുഞ്ഞ് മാറാതിരിക്കാനുള്ള *മുൻകരുതൽ.*

💡 *വിജയിക്കാനാവശ്യമായ* ചേരുവകളോടെ ജനിക്കുന്ന മനുഷ്യനിൽ പരാധീനതകളുടെയും ദൗർബല്യങ്ങളുടെയും ഒട്ടേറെ ഘടകങ്ങളുണ്ട്. ഇത് തിരിച്ചറിയുന്നതും ആ *പരിമിതിയെ മറികടക്കാൻ* ശ്രമിക്കുന്നതുമാണ് *വിജയത്തിലേക്കു* നയിക്കുക. *നമ്മുടെ കഴിവിനൊപ്പം ദൗർബല്യം കൂടി തിരിച്ചറിഞ്ഞാൽ* കരുതലോടെ *മുന്നോട്ടുപോവാനുള്ള ഊർജമാണ് ലഭിക്കുക.*

💡ചില കുട്ടികൾക്ക് *ഒറ്റത്തവണ* വായിച്ചാൽ തന്നെ പാഠഭാഗങ്ങൾ മനസ്സിലാകും. ക്ലാസിലൊന്നാമതാവുന്ന അവരെ നോക്കി ആശങ്കപ്പെടേണ്ട. *നാലുതവണ വായിച്ചാൽ അവർക്കൊപ്പമെത്തുമെങ്കിൽ  എന്തിനു ഭയം.* അല്പം കൂടി സമയം ചെലവഴിക്കണമെന്നു മാത്രം.

💡നന്നായി ചെലവുചെയ്തു ജീവിക്കുന്ന ഒരാളുടെ കൈയിലെ *ആയിരം രൂപയ്ക്കും* ആവശ്യത്തിനു മാത്രം ചെലവഴിക്കുന്ന ഒരാളുടെ കൈയിലെ *നൂറുരൂപയ്ക്കും* മൂല്യമൊന്നുതന്നെയാവും നേട്ടങ്ങളുടെ കണക്കെടുപ്പിൽ.

💡 *ദൗർബല്യമറിഞ്ഞ് കരുതലോടെ കാത്തിരുന്നാൽ,* *ചിട്ടയോടെ പ്രവർത്തിച്ചാൽ വിജയം കൺമുന്നിലെത്തുകതന്നെ ചെയ്യും.*

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !