ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

ലോക ജനസംഖ്യ ദിനം

Mashhari
0
1987 ജൂലൈ 11 ന്റെ പ്രത്യേകത അറിയാമോ എന്നാണ് ലോക ജനസംഖ്യ 500 കോടി തികഞ്ഞത്. അതിനുശേഷമാണ് ജൂലൈ 11 ലോക ജനസംഖ്യാ ദിനമായി ആചരിക്കാൻ തുടങ്ങിയത്. പെരുകിപ്പെരുകി ഭൂമിയെ ശ്വാസംമുട്ടിച്ചു കൊണ്ടിരിക്കുകയാണ് ജനസംഖ്യ. അക്ഷരാർത്ഥത്തിൽ ജനസംഖ്യ വിസ്ഫോടനം തന്നെ. 1991 ലെ സെൻസസ് അനുസരിച്ച് എൺപത്തി 84.63 കോടിയായിരുന്നു ഇന്ത്യയിലെ ജനസംഖ്യ. എന്നാൽ 2000 മേയ് 11 ന് നൂറുകോടിയിൽ എത്തി. 

ലോകജനസംഖ്യ പത്തൊമ്പതാം നൂറ്റാണ്ടിലെ തുടക്കത്തിൽ വെറും 100 കോടി ആയിരുന്നു. എന്നാൽ 1999-ൽ 600 കോടിയായി. ജനപ്പെരുപ്പം ഇങ്ങനെ തുടർന്നാൽ 2050-ൽ ലോകജനസംഖ്യ 900 കോടി കവിയുമെന്നാണ് കണക്ക്. ഇങ്ങനെ പോയാൽ താമസിക്കാൻ സ്ഥലം എവിടെ? കഴിക്കാൻ ഭക്ഷണം എവിടെ? ജനസംഖ്യ ഇങ്ങനെ കൂടിക്കൊണ്ടേയിരുന്നാൽ ഭൂമിയിൽ ഓരോരുത്തർക്കും രണ്ടുകാലും ഉറപ്പിച്ചുവയ്‌ക്കാനുള്ള സ്ഥലം പോലും ഉണ്ടാവില്ലെന്ന് ജനസംഖ്യാ ശാസ്ത്രജ്ഞനായിരുന്ന മാൽത്തൂസ് 1798-ൽ തന്നെ പ്രവചിച്ചിരുന്നു.

ഭൂമിക്കടിയിലും സമുദ്രത്തിനടിയിലും ചന്ദ്രനിലും അന്യഗ്രഹങ്ങളിലുമൊക്കെ താവളമുണ്ടാക്കി വസിക്കേണ്ടിവരുന്ന കാലം ഏതായാലും അധികം അകലെയൊന്നുമല്ല.

കാലനില്ലാത്ത കാലം!
അപ്പൂപ്പന്റപ്പൂപ്പന്റെ അപ്പൂപ്പൻ വരെ ജീവിച്ചിരിക്കുന്ന കാലനില്ലാത്ത കാലം വന്നാൽ എങ്ങനെയിരിക്കും? കാലനില്ലാത്ത കാലത്തെക്കുറിച്ചു കുഞ്ചൻ നമ്പ്യാർ എഴുതിയ ഈ കവിത മുഴുവൻ തേടിപ്പിടിച്ചു വായിക്കാൻ വായനക്കാർ മറക്കരുതേ...
വൃദ്ധൻമാരൊരുകൂട്ടം നിറഞ്ഞു ഭൂതം തന്നിൽ 
ചത്തുകൊൾവതിനേതും കഴിവില്ല,കാലമില്ല 
മുത്തച്ഛൻ മുതുക്കന്റെ മുത്തച്ഛനിരിക്കുന്നു 
മുത്തച്ഛൻ അവനുള്ള മുത്തച്ഛൻ മരിച്ചീല 
അഞ്ഞൂറോ വയസ്സുള്ളോരപ്പൂപ്പൻമാരുമിപ്പോൾ 
കുഞ്ഞായിട്ടിരിക്കുന്നോരപ്പൂപ്പനവർക്കുണ്ട്  
കഞ്ഞിക്കു വകയില്ല വീടുകളിലൊരേടത്തും 
കുഞ്ഞുങ്ങൾക്കെട്ടുപത്തു പറയരികൊണ്ടു പോര 
[പഞ്ചേന്ദ്രോപാഖ്യാനം തുള്ളൽ]
നൂറും നൂറ്റമ്പതും വയസുള്ള അപ്പൂപ്പന്മാരും അമ്മൂമ്മമാരും ചുറുചുറുക്കോടെ ഓടിനടക്കുന്ന കാലം അധികം അകലെയല്ലെന്നാണ് പരീക്ഷണശാലകളിൽ നിന്നുള്ള സൂചന. ആയുസിന്റെ രഹസ്യങ്ങൾ കൈപ്പിടിയിലൊതുക്കി മരണത്തെ തോൽപ്പിക്കാനുള്ള ശ്രമത്തിലാണ് ജനിതക എഞ്ചിനീയറിങ്ങിലെയും നാനോ ടെക്‌നോളജിയിലെയും നൂതന ഗവേഷണങ്ങൾ. 
ശരീരത്തിനുള്ളിൽ ഓടിനടന്ന് അപ്പപ്പോൾ കേടുപാടുകൾ തീർക്കുന്ന നാനോ റോബോട്ടുകളും പ്രായമാക്കലിന് കാരണമാകുന്ന ജീനുകളുടെ പ്രവർത്തനം തടയലുമൊക്കെ വ്യാപകമായാൽ മനുഷ്യനോട് കളിക്കാൻ കാലനൊന്ന് മടിക്കുമെന്ന് തീർച്ച. മരിച്ചുപോയവരുടെ തനിപ്പകർപ്പുകൾ ക്ലോണിങ്ങിലൂടെ പുനഃസൃഷ്ടിക്കപ്പെട്ടേക്കാം. നാനോ ടെക്‌നോളജി തേടിക്കൊണ്ടിരിക്കുന്ന സെൽ റിപ്പയറിങ് മെഷീൻ യാഥാർഥ്യമായാൽ മരിച്ചവർതന്നെ നമ്മുടെ കൺമുന്നിലൂടെ കയ്യും വീശി നടന്നെന്നുമിരിക്കും.

പെരുപ്പത്തിന്റെ കുഴപ്പം 
മെച്ചപ്പെട്ട ആരോഗ്യ സൗകര്യങ്ങളുടെ ലഭ്യത, കുറഞ്ഞ മരണനിരക്ക്, ഉയർന്ന ആയൂർദൈർഘ്യം ഇവയൊക്കെ ജനസംഖ്യ കുതിച്ചുയരാനുള്ള കാരണങ്ങളാണ്.  അന്ധവിശ്വാസങ്ങളും മതവിശ്വാസങ്ങളും ശൈശവ വിവാഹങ്ങളുമൊക്കെ ജനസംഖ്യാ വളർച്ചയ്ക്ക് കാരണമാകുന്നുണ്ട്.

ദാരിദ്രം, തൊഴിലില്ലായിമ, ഭക്ഷ്യക്ഷാമം, നിരക്ഷരത, പാർപ്പിടമില്ലായ്മ, വിഭവങ്ങളുടെ അപര്യാപ്തത, പരിസ്ഥിതി പ്രശ്‍നങ്ങൾ, രോഗങ്ങൾ, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം തുടങ്ങി പ്രശ്‌നങ്ങളുടെ പെരുക്കത്തിലേക്കാണ് ജനപ്പെരുപ്പം ലോകത്തെ നയിക്കുന്നത്.

ഇന്ത്യ ജനസംഖ്യാ നിയന്ത്രണങ്ങൾക്കായി ശ്രമിക്കുമ്പോൾ ജനസംഖ്യാകുറവുള്ള പല ഗൾഫ് രാജ്യങ്ങളും ജനസംഖ്യാ വർധനയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

ഡെമോഗ്രഫി 
ജനസംഖ്യയെക്കുറിച്ചുള്ള പഠിക്കുന്ന ശാസ്‌ത്ര ശാഖയാണ് ഡെമോഗ്രഫി. ഡെമോഗ്രാഫിയ[Demographia] എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ഡെമോഗ്രഫി എന്ന വാക്കിന്റെ ഉത്ഭവം. ഗ്രീക്കിൽ ഡെമോ എന്നാൽ ജനം[People]. ഗ്രാഫിയ എന്നാൽ എഴുത്ത് അഥവാ രേഖ[Write or Record]. ജനസംഖ്യയുടെ വലിപ്പം, വിതരണം, ഘടന, ജനനം, മരണം, കുടിയേറ്റങ്ങൾ, പാലായനം എന്നിവ ജനസംഖ്യയിൽ ഉണ്ടാക്കുന്ന വ്യതിയാനങ്ങൾ ഇവയൊക്കെ പഠന മേഖലകളാണ്.

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !