Second Term Examination Timetable Kerala Teachers Eligibility Test NOTIFICATION November 2017.

Friday, 28 September 2012

Read this Article and Discus

പരീക്ഷകളില്‍ തോല്‍ക്കാതെ ജയിച്ചു ജയിച്ചു വരുന്ന കുട്ടികളും അവരുടെ ഭാവിയും കുറിച്ച് ഡോക്റ് . എം.ജെ .മല്ലിക എഴുതിയ ലേഖനം ഇവിടെ പ്രസിധികരിക്കുന്നു. പ്രിയപ്പെട്ട അധ്യാപകരെ ഈ ചോദ്യങ്ങള്‍ നിങ്ങളുടെ ഇടയില്‍ ചര്‍ച്ച ചെയ്യു.അഭിപ്രായം രേഖപ്പെടുത്തു 

കുട്ടികളെ ഇങ്ങനെയല്ല സ്വതന്ത്രരാക്കേണ്ടത്‌ 
ഡോ. എം.ജി. മല്ലിക

ഒരു മനുഷ്യന് തന്റെ ബുദ്ധിയും ശക്തിയും ഉപയോഗിച്ച് തന്നെപ്പോലുള്ള ആയിരങ്ങളുടെ ജീവിതോപാധി ഒറ്റയ്ക്ക് ഉത്പാദിപ്പിക്കാനുള്ള കഴിവുണ്ട്. എന്നാല്‍, ശരിയായ രീതിയില്‍ പാകപ്പെടുത്തിയെടുത്തില്ലെങ്കില്‍ അവനവന് ആവശ്യമായവ ഉത്പാദിപ്പിക്കാനുള്ള കാര്യക്ഷമത പോലും ഒരുവന് ഇല്ലാതാവും. ഇവിടെയാണ് രൂപപ്പെടുത്തലിന്റെ പ്രസക്തി. ഒരു വ്യക്തിയെ വിഭവമായി രൂപപ്പെടുത്തുന്നതില്‍ വിദ്യാഭ്യാസത്തിന് ഒന്നാംസ്ഥാനമാണുള്ളത്. ഓരോ കാലഘട്ടത്തിനും അനുയോജ്യമായതരത്തില്‍ മനുഷ്യവിഭവത്തെ നിര്‍മിച്ചെടുക്കലാവണം അതത് കാലത്തെ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ഈ പശ്ചാത്തലത്തില്‍, കേരളത്തിന്റെ മനുഷ്യവിഭവ കാര്യക്ഷമതയെയും വിദ്യാഭ്യാസ മേഖലയെയും ചേര്‍ത്തുനിര്‍ത്തിക്കൊണ്ടുള്ള അന്വേഷണമാണ് ഇവിടെ നടത്തുന്നത്.
ആരോഗ്യവിദ്യാഭ്യാസ രംഗങ്ങളില്‍ അളവുപരമായി ഏറേ മുന്നിലാണ് കേരളം. എന്നാല്‍, ഗുണനിലവാരാടിസ്ഥാനത്തില്‍ ഈ സ്ഥാനം നിലനിര്‍ത്താന്‍ നമുക്ക് കഴിയുന്നില്ല. ആരോഗ്യരംഗത്ത് മരണനിരക്ക് കുറവാണ്. എങ്കിലും രോഗാതുരത, പ്രത്യേകിച്ചും ജീവിത ശൈലീരോഗങ്ങള്‍ വര്‍ധിച്ചുവരുന്നതായി കാണുന്നു. മാനസികാരോഗ്യത്തില്‍ ആത്മഹത്യകളുടെയും കുറ്റകൃത്യങ്ങളുടെയും കാര്യത്തില്‍ നാം വളരെയേറെ പിന്നോട്ടുപോവുകയാണ്.

പുതുതലമുറയുടെ കാര്യക്ഷമതയെക്കുറിച്ചും ഉത്തരവാദിത്വബോധത്തെക്കുറിച്ചും ആശങ്കയോടെയാണ് നാം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. കുട്ടിക്കുറ്റവാളികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. കേള്‍ക്കാന്‍പോലും ഭയക്കുന്ന തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കൗമാരക്കാരുടെ കണക്കുകള്‍ പത്രങ്ങള്‍വെച്ചുനീട്ടുന്നു.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ കാര്യങ്ങളെ കാണണമെന്നാഗ്രഹിക്കുന്നവര്‍ ജെയിംസ് ഹെക്മാനെപ്പോലുള്ള ശാസ്ത്രജ്ഞരുടെ മനുഷ്യവിഭവ സിദ്ധാന്തം (ഹ്യൂമന്‍ ക്യാപ്പിറ്റല്‍ തിയറി) പരിചയപ്പെടേണ്ടതുണ്ട്. വിദ്യാഭ്യാസത്തിന്റെ വിശേഷിച്ച്, നന്നേ ചെറുപ്രായത്തില്‍ ലഭിക്കുന്ന വിദ്യാഭ്യാസത്തിന്റെ, പ്രത്യേകതയും ഗുണനിലവാരവും എങ്ങനെ കുട്ടിയുടെ വ്യക്തിത്വവികാസത്തിനും അതുവഴി സാമൂഹിക വികാസത്തിനും കാരണമായിത്തീരുന്നുവെന്ന് ഹെക്മാന്‍ വിശദീകരിക്കുന്നുണ്ട്.


നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ വ്യക്തിത്വവികാസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടം, അതായത് ശൈശവം ചര്‍ച്ച ചെയ്യപ്പെടുന്നേയില്ല. ഔപചാരിക വിദ്യാഭ്യാസകാലഘട്ടത്തില്‍ത്തന്നെ ഏറ്റവും പ്രധാനപ്പെട്ട കുട്ടിക്കാല വിദ്യാഭ്യാസത്തിന് (പ്രീ പ്രൈമറി, പ്രൈമറി, അപ്പര്‍ പ്രൈമറി) അര്‍ഹമായ പ്രാധാന്യം കിട്ടുന്നുമില്ല. അടിസ്ഥാന വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കാതെ എസ്.എസ്.എല്‍.സി.യുടെയും ഹയര്‍ സെക്കന്‍ഡറിയുടെയും വിജയശതമാനം വര്‍ധിപ്പിക്കുക എന്ന അശാസ്ത്രീയമായ പരിഷ്‌കാരങ്ങളിലേക്ക് നാം എടുത്തുചാടുമ്പോള്‍ ഒരു സമൂഹം കാര്യക്ഷമതയില്ലാത്ത മനുഷ്യനെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. പരാജയത്തിന്റെ സങ്കടമോ വിജയത്തിന്റെ സന്തോഷമോ അറിയാതെ എട്ടാംതരംവരെ തള്ളിവിടാന്‍ ഈയടുത്തകാലത്ത് ഉത്തരവുപോലും ഇറക്കുകയുണ്ടായി.

ഒന്നാംക്ലാസ് കഴിയുന്ന ഒരു വിദ്യാര്‍ഥിക്ക് ഉണ്ടായിരിക്കേണ്ട അടിസ്ഥാന വിദ്യാഭ്യാസനേട്ടം പോലും കിട്ടാതെ പത്താംക്ലാസില്‍ 'മുകുളം' എന്ന വിളിപ്പേരോടെ പരീക്ഷയ്ക്ക് പ്രാപ്തരാക്കുന്ന വിദ്യാഭ്യാസരീതി ജീവിതത്തില്‍ അവരെ എത്രമാത്രം പ്രാപ്തരാക്കും എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. പത്താംതരത്തിലെയും ഹയര്‍ സെക്കന്‍ഡറിയിലെയും എന്തിന് ഉന്നത വിദ്യാഭ്യാസ രംഗത്തിലെയും ഉദാരീകരണത്തിന്റെ ഭാഗമായി പരാജയമറിയാതെ പുറത്തുവരുന്ന യുവാക്കള്‍ തങ്ങളുടെ മുന്നില്‍ തുറന്നുവെച്ച ജീവിതം ആസ്വദിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.

കഷ്ടപ്പെട്ട് നേടിയെടുക്കേണ്ട അറിവിനുപകരം അധ്യാപകരും രക്ഷാകര്‍ത്താക്കളും പകര്‍ന്നുകൊടുക്കുന്ന പാല്‍പ്പായസമായി അറിവിനെ ലഭിക്കുന്ന യുവതലമുറയ്ക്ക് അധ്വാനിക്കാതെ നേടിയെടുക്കുന്ന പണത്തിന്റെ ധാര്‍മികത ഒരു പ്രശ്‌നമാവില്ല. അധ്വാനിക്കാതെ കിട്ടുന്ന ഏതുവിജയവും ഒരു മനുഷ്യന്റെ കാര്യക്ഷമതയെ കുറയ്ക്കുമെന്നതിന് തെളിവുതേടി പോകേണ്ടതില്ല. പരാജയമില്ലാത്ത വിദ്യാഭ്യാസം നമ്മുടെ യുവതലമുറയോട് ചെയ്യുന്ന ഏറ്റവും വലിയ പാതകമാണ്. അധ്വാനിച്ചില്ലെങ്കിലും ജയിക്കുമെന്നും താന്‍ ജയിക്കേണ്ടത് അധ്യാപകരുടെയും രക്ഷാകര്‍ത്താക്കളുടെയും ആവശ്യമാണെന്നും പഠിച്ച് മനസ്സിലാക്കിവരുന്ന ഒരു വിദ്യാര്‍ഥിയില്‍ നിന്ന് എങ്ങനെയാണ് കാര്യക്ഷമത പ്രതീക്ഷിക്കുക? ജിവിതത്തിന്റെ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും അറിയിക്കാതെ വിയര്‍പ്പിന്റെ ഉപ്പുരുചി അറിയാന്‍ വിടാതെ, നമ്മള്‍ യുവതലമുറയെ അനുഭവമില്ലാത്തവരാക്കി മാറ്റുന്നു. അതുകൊണ്ടുതന്നെ, സ്വന്തമായി എന്തിലെങ്കിലും ഏര്‍പ്പെടുമ്പോഴുണ്ടാകുന്ന സന്തോഷത്തിന്റെ തലം വിദ്യാര്‍ഥിക്ക് കിട്ടാതിരിക്കുകയും പ്രവര്‍ത്തിക്കാനുള്ള പ്രേരണ ഇല്ലാതാവുകയും ചെയ്യുന്നു.

ശാരീരിക ശിക്ഷാവിധികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് നിയമപരമായി ഇല്ലാതാക്കിയെങ്കിലും മാനസിക പീഡനം മുമ്പുള്ളതിനേക്കാള്‍ കൂടുതല്‍ ശക്തിയോടെ പ്രയോഗിക്കപ്പെടുന്നു എന്ന വസ്തുത ആരും വേണ്ടവിധം തിരിച്ചറിഞ്ഞിട്ടില്ല. ആത്മവിശ്വാസം വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഒന്നും ഏര്‍പ്പെടാതിരിക്കുകയും ആത്മവിശ്വാസം തകര്‍ക്കുന്നതരത്തില്‍ മാനസിക പീഡനം ഏല്പിക്കുകയും ചെയ്യുമ്പോള്‍ വിദ്യാഭ്യാസ മേഖല മാനസിക രോഗികളെ സൃഷ്ടിച്ചെടുക്കുകയാണെന്ന് നമ്മള്‍ തിരിച്ചറിയുന്നില്ല. 12 വയസ്സുവരെയുള്ള കാലഘട്ടം (പ്ലാസ്റ്റിക് ബ്രെയിന്‍) ഒരു കുട്ടിയുടെ വളര്‍ച്ചയുടെ പ്രധാന ഘട്ടമാണ്. ഈ പരിധിക്കുശേഷം നിയന്ത്രണങ്ങളും അടിച്ചേല്പിക്കലും കുറച്ചുകൊണ്ടുവരികയും സ്വതന്ത്ര അഭിപ്രായമുള്ള വ്യക്തിയായി മാറാന്‍ അവസരം നല്‍കുകയുമാണ് യഥാര്‍ഥ വികസനതന്ത്രം. എന്നാല്‍, പന്ത്രണ്ട് വയസ്സുവരെയുള്ള കാലഘട്ടത്തില്‍ ഒരു തരത്തിലുള്ള രൂപപ്പെടുത്തലും നടത്താതെ അധ്യാപകരുടെ താത്പര്യാനുസരണം ക്ലാസ്‌കയറ്റംകൊടുത്ത് പൊതുവായ ഒരു മൂല്യനിര്‍ണയം സാധ്യമാക്കാതിരിക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. ഇതേസമയം, ഉയര്‍ന്ന ക്ലാസുകളില്‍ അധ്യാപകരുടെയും രക്ഷാകര്‍ത്താക്കളുടെയും നേതൃത്വത്തില്‍ കുട്ടികളിലേക്ക് (14 വയസ്സു കഴിഞ്ഞാല്‍ മുതിര്‍ന്നവര്‍) അച്ചടക്കം അടിച്ചേല്പിക്കുന്നു. സ്വതന്ത്രമായി ഒരു തീരുമാനം പോലും എടുക്കാന്‍ വിടാതിരിക്കുന്നു. ഈവിധത്തിലുള്ള ഒരു വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നിന്ന് ചങ്കുറപ്പുള്ള, തന്റേടമുള്ള, അധ്വാനശീലരായ യുവാക്കള്‍ എങ്ങനെ വളര്‍ന്നുവരും?

ജനാധിപത്യ സംവിധാനത്തില്‍ അഭിപ്രായസ്വാതന്ത്ര്യവും തീരുമാനങ്ങള്‍ എടുക്കുന്നതിലുള്ള പങ്കാളിത്തവും ഒരു വ്യക്തിയുടെ അവകാശമാണ്. എന്നാല്‍, കേരളത്തിലെ വിദ്യാഭ്യാസമേഖലയില്‍ ജനാധിപത്യധ്വംസനമാണ് നടക്കുന്നതെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാം. നിയന്ത്രിക്കുകയും രൂപപ്പെടുത്തുകയും ചെയ്യേണ്ട കാലഘട്ടം പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ കടന്നുപോകുകയും സ്വതന്ത്രമാക്കപ്പെടേണ്ട കാലത്ത് രൂപപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന അതിവിചിത്രമായ വിദ്യാഭ്യാസ സമ്പ്രദായത്തിലാണ് അറിഞ്ഞോ അറിയാതെയോ നമ്മള്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്.

നിരന്തര മൂല്യനിര്‍ണയത്തിന്റെ പേരില്‍ ഒരു പൗരനെ ക്ലാസ്മുറികളില്‍ തളച്ചിടുന്നു എന്നുപറഞ്ഞാല്‍ അതിയശോക്തിയാവില്ല. ഉന്നതവിദ്യാഭ്യാസരംഗങ്ങളില്‍ സ്വതന്ത്രമായ ഇടപെടലുകളെ നിയന്ത്രിക്കുകയും സമൂഹത്തെ മാറ്റിത്തീര്‍ക്കേണ്ട യുവതലമുറയെ അധ്യാപകന്റെ ചൊല്പടിക്ക് നിര്‍ത്തുകയും ചെയ്യുകയാണ് ഇന്നത്തെ അശാസ്ത്രീയ മൂല്യനിര്‍ണയരീതി ചെയ്യുന്നത്. അതേസമയം, ചെറുക്ലാസുകളില്‍ ഒരുവിധ പഠനപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടില്ലെങ്കിലും ക്ലാസുകളില്‍ നിന്ന് ക്ലാസുകളിലേക്ക് കയറിപ്പോകാനും അടിസ്ഥാനമുറയ്‌ക്കേണ്ട കാലഘട്ടം, തനിക്കൊന്നുമറിയില്ലെന്ന് തിരിച്ചറിയാന്‍പോലും കഴിയാത്തവിധത്തില്‍ അവഗണിക്കപ്പെടുകയും ചെയ്യുന്നു.

എന്താണ് യഥാര്‍ഥത്തില്‍ ചെയ്യേണ്ടിയിരുന്നത്? അഞ്ചുവയസ്സുവരെയുള്ള കാലം കൂട്ടുകുടുംബ വ്യവസ്ഥയില്‍ വലിയ പരിക്കൊന്നുമില്ലാതെ കടന്നുപോവുമെന്നതിനാലാവാം ഇന്ത്യയില്‍ ആ കാലഘട്ടത്തിന്റെ പ്രാധാന്യം വേണ്ടവിധം തിരിച്ചറിഞ്ഞിട്ടില്ല. എന്നാല്‍, മുതലാളിത്ത കാലഘട്ടത്തില്‍ അണുകുടുംബ വ്യവസ്ഥയിലെത്തിച്ചേര്‍ന്ന കേരളത്തില്‍ വ്യക്തിത്വവികാസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ശൈശവ കാലഘട്ടം വിസ്മരിക്കപ്പെടുന്നു. സ്ത്രീകളുടെ അവകാശത്തെക്കുറിച്ച് ചര്‍ച്ചചെയ്യുകയും അവരെ പൊതുധാരയിലേക്ക് വലിച്ചിറക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നിടത്ത് കുട്ടികളുടെ സംരക്ഷണം ഒരു പ്രധാന വെല്ലുവിളിയാകുന്നു.

ഒരു മനുഷ്യന്റെ വൈകാരികതലം നിര്‍ണയിക്കപ്പെടുന്ന മൂന്നുവയസ്സുവരെയുള്ള കാലഘട്ടം അരക്ഷിതാവസ്ഥയുടെയും സ്‌നേഹരാഹിത്യത്തിന്റെയും ചുഴിയില്‍പ്പെട്ടുഴലുമ്പോള്‍ നമ്മള്‍ നഷ്ടപ്പെടുത്തുന്നത് ഒരു തലമുറയുടെ വളരാനുള്ള അവകാശത്തെയാണ്. ചെറുപ്രായത്തിലുണ്ടാകുന്ന നേരിയ പരിഗണനാനഷ്ടം ജീവിതത്തില്‍ പിന്നീടൊരിക്കലും നികത്താന്‍ കഴിയാത്തത്രയും നൈപുണി വ്യത്യസ്തതയിലേക്ക് നയിക്കുമെന്ന് ഹെക്‌മെന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ജീവിക്കാനും വളരാനുമുള്ള കുട്ടികളുടെ അവകാശം പൂര്‍ണമായി നിരാകരിക്കുകയാണിവിടെ. ഇവിടെ ചെയ്യേണ്ടതെന്താണ്? അഞ്ചുവയസ്സുവരെയുള്ള കാലഘട്ടം (ബുദ്ധിവികാസത്തിന്റെ ഘട്ടം) വരെയും കുട്ടികളെ ദൈവമായി കാണുന്ന നമ്മുടെ പരമ്പരാഗത സമ്പ്രദായത്തിന്റെ ശാസ്ത്രീയത തിരിച്ചറിയുകയും ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ കടമയായിക്കണ്ട് കുട്ടികള്‍ക്കുവേണ്ടി ഓംബുഡ്‌സ്മാന്‍ രൂപവത്കരിക്കണം. ശിശുക്കളുടെ അവകാശം നിഷേധിക്കുന്ന കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. അവരുടെ അവകാശം സംരക്ഷിക്കാനുതകുംവിധം പശ്ചാത്തലസൗകര്യങ്ങള്‍ ഒരുക്കേണ്ടത് സമൂഹത്തിന്റെ കടമയായെടുക്കണം. നോര്‍വേയുടെ മാതൃക ഇക്കാര്യത്തില്‍ പിന്തുടരാവുന്നതാണ്.

12 വയസ്സുവരെ, പരമാവധി 14 വയസ്സുവരെ, കര്‍ശനമായി (ശിക്ഷാവിധിയിലല്ല) മൂല്യനിര്‍ണയത്തിന് വിധേയമാക്കി അടിസ്ഥാനവിദ്യാഭ്യാസം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. സ്‌കൂളിലെ ഹാജര്‍ നോക്കിയല്ല, പകരം ഗുണനിലവാരത്തിലാണ് കര്‍ശനമായി ഇടപെടേണ്ടത്. ഒന്നുമുതല്‍ ഏഴാംതരം വരെ നിര്‍ബന്ധമായും പഞ്ചായത്ത് അടിസ്ഥാനത്തിലെങ്കിലും പൊതുമൂല്യനിര്‍ണയം നടത്തണം. പാഠ്യപദ്ധതി ലക്ഷ്യങ്ങളില്‍ എത്തിച്ചേരാത്ത വിദ്യാര്‍ഥികളെ കണ്ടെത്തി പരിഹാരബോധനം നടത്തിയശേഷം മാത്രം ക്ലാസ്‌കയറ്റം നല്‍കണം. അങ്ങനെവരുമ്പോള്‍ ഒന്നുമുതല്‍ ഏഴുവരെയുള്ള പരീക്ഷയും മൂല്യനിര്‍ണയവും ഗൗരവമായി ചര്‍ച്ചചെയ്യപ്പെടണം.

പത്താംക്ലാസിലെ പരീക്ഷയ്ക്ക് ഇന്ന് നല്‍കുന്ന പ്രാധാന്യം നിര്‍ത്തലാക്കി പകരം ഓരോ വിഷയവും പ്രത്യേകമായി പഠിക്കുന്നതിന് (സ്‌പെഷലൈസ്) യോഗ്യത നിര്‍ണയിക്കുന്നതരത്തില്‍ ഹയര്‍ സെക്കന്‍ഡറിയിലേക്ക് പ്രവേശന പരീക്ഷകള്‍ നടത്താവുന്നതാണ്. ഉന്നത വിദ്യാഭ്യാസം ഓരോ വിഷയത്തിലുള്ള അഭിരുചിക്കനുസരിച്ച് പ്രവേശന പരീക്ഷകളുടെ അടിസ്ഥാനത്തില്‍ മാത്രം നടത്തേണ്ടതാണ്. എല്ലാവരും ഒഴുക്കിനനുസരിച്ച് നീന്തി എത്തിച്ചേരേണ്ടതല്ല ഉന്നത വിദ്യാഭ്യാസം. താത്പര്യവും അഭിരുചിയുമുള്ള, ഏതു പ്രായത്തില്‍പ്പെട്ടവര്‍ക്കും ഏതുവിഷയം പഠിച്ചവര്‍ക്കാണെങ്കിലും അറിവിന്റെ നിര്‍മാണപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ പറ്റുന്നതരത്തില്‍ ഉന്നതവിദ്യാഭ്യാസരംഗം മാറേണ്ടതുണ്ട്. അധ്യാപകര്‍ വിഷയത്തില്‍ കൂടുതല്‍ അവഗാഹം നേടുകയും അറിവ് നിര്‍മിക്കുന്ന കേന്ദ്രങ്ങളായി ഉന്നതവിദ്യാഭ്യാസരംഗം മാറുകയും വേണം.

ഇത്തരത്തിലുള്ള മാറ്റങ്ങള്‍ വിദ്യാഭ്യാസമേഖലയില്‍ വരുത്തുമ്പോഴേ നിഷ്‌ക്രിയരായ ഒരുകൂട്ടം 'ബ്രോയിലര്‍' കുട്ടികളില്‍നിന്ന് കാര്യക്ഷമതയും ധാര്‍മികതയുമുള്ള യുവതലമുറ ഉയര്‍ന്നുവരികയുള്ളൂ. ഇത് തിരിച്ചറിയാന്‍ വൈകുന്തോറും കമ്പോളത്തിന്റെ കളിപ്പാവകളായി നമ്മുടെ മനുഷ്യവിഭവത്തിന്റെ ശേഷിയെ നമ്മള്‍ തളര്‍ത്തിക്കൊണ്ടേയിരിക്കും.
Subscribe to Kerala LPSA Helper by Email

1 comment:

Share Your Ideas
പ്രിയ അധ്യാപക സുഹൃത്തുക്കളെ നിങ്ങളുടെ സ്കൂളിൽ നടത്തിയ മികവ് പ്രവർത്തനങ്ങൾ ഈ ബ്ലോഗിൽ കൂടി നൽകുവാൻ താത്പര്യം ഉണ്ടെങ്കിൽ അവ എനിക്ക് അയച്ചുതരിക. ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്. കൂടുതൽ വിവരത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക. തനതായി രൂപീകരിച്ച വർക്ക്ഷീറ്റുകൾ ഉണ്ടെങ്കിൽ അതും ഇവിടെ ഷെയർ ചെയ്യാം.. വിലാസം :- mashhari30@gmail.com

Labels

അക്ഷരം അക്ഷരപ്പാട്ട് അക്ഷരമുറ്റം അധ്യാപകന്‍ അനുഷ്ഠാനകലകള്‍ അമൃതം അവധി എല്ലാ അധ്യാപകരും വായിച്ചിരിക്കേണ്ട ഒരു കത്ത്‌ ഒരുമയുടെ ആഘോഷം കടങ്കഥകൾ കഥകളി കവിത കുട്ടിക്കവിതകൾ കുട്ടിപ്പുര കൃഷിച്ചൊല്ലുകൾ ക്വിസ് ഗണിത ഗാനം ചോക്കുപൊടി തമാശ താരയുടെ വീട് ദിനാചരണം നമ്മുടെ കലകൾ നാടൻ‌കളി നാടോടിപ്പാട്ട് നൃത്തരൂപങ്ങൾ പക്ഷികൾ പഠനോപകരണങ്ങള്‍ പരിസരപഠനം പഴങ്ങൾ പഴഞ്ചൊല്ലുകൾ പൂക്കളെ അറിയാം പ്രതിജ്ഞ പ്രശ്നോത്തരി മണവും മധുരവും മത്സ്യങ്ങൾ മലയാളത്തിളക്കം മഹിതം മഴ മഴപഴംഞ്ചൊല്ലുകള്‍ മഴമേളം മുരളി കണ്ട കഥകളി രാമായണം ലഘുകുറിപ്പ് വയൽ വർണ്ണന വായനാദിനം വീട് നല്ല വീട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംസ്ഥാനങ്ങൾ സസ്യങ്ങൾ