ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

മൂന്നു ജോലിക്കാർ

Mashhari
0
ഉയര്‍ന്ന ഒരു ഉദ്യോഗസ്ഥൻറെ പുത്രന്‍ യു.പി. സ്കൂളില്‍ പഠിക്കുന്നുണ്ടായിരുന്നു.
ഉദ്യോഗസ്ഥൻറെ വീട്ടില്‍ മൂന്നു ജോലിക്കാർ ഉണ്ട്.
മകനെ സ്കൂളില്‍ കൊണ്ടുപോയി ആക്കുന്നത് ഓരോ ദിവസവും ഓരോ ജോലിക്കാരൻറെ കടമയാണ്.

ഒന്നാമൻ കുട്ടിയെ എങ്ങനെയാണ് സ്കൂളില്‍ കൊണ്ടുപോകുന്നത് എന്നു നോക്കുക.
അയാൾ കുട്ടിയുടെ കൈപിടിച്ച് ഗെയിറ്റുവരെ നടക്കുന്നു.
അത് കുട്ടിയുടെ അച്ഛനമ്മമാരെ കാണിക്കാനായിട്ടാണ്.
തുടര്‍ന്ന് അയാള്‍ അലക്ഷ്യമായി നടക്കുന്നു.
കുട്ടിയോട് തൻറെ കൂടെ വരാനായി ആജ്ഞാപിക്കുകയും ചെയ്യുന്നു.
വഴിയില്‍ വച്ച് അയാള്‍ സിഗരറ്റ്‌ കത്തിച്ചു വലിക്കുന്നത് ആ കുട്ടി കാണുന്നുണ്ട്.
വഴിവക്കിൽ നായകളുണ്ട്. നായകളെ പേടിക്കുന്ന കുട്ടി അയാളോട് ചേര്‍ന്ന് നടക്കുന്നു.
സ്കൂള്‍ മുറ്റത്തെത്തിയപ്പോൾ അയാള്‍ തിരിഞ്ഞുനോക്കി. കുട്ടി തന്നോടൊപ്പമുണ്ട്.
അയാള്‍ കുട്ടിയോട് യാത്ര പറയുകപോലും ചെയ്യാതെ മടങ്ങിപ്പോയി.
ഇതു അധമരീതിയിൽ ഒരു കർമ്മം എങ്ങനെ ചെയ്യാം എന്നതിനുളള തെളിവാണ്.
അയാള്‍ തൻറെ കർമ്മം ചെയ്തില്ല എന്നു പറഞ്ഞുകൂടാ.
എന്തെങ്കിലും തെറ്റുചെയ്തു എന്നാരോപിക്കാനും കഴിയില്ല.
ഒന്നും ചെയ്യാതിരിക്കുന്നതിലും നല്ലത്  അധമരീതിയിലെങ്കിലും ആ കർമ്മം ചെയ്യുന്നതു തന്നെയാണ്‌.

രണ്ടാമത്തെ ദിവസം ആ കുട്ടി രണ്ടാമത്തെ ജോലിക്കാരനോടൊത്താണ് സ്കൂളിലേക്കു പോയത്.
വീട്ടില്‍ നിന്നും അയാൾ കുട്ടിയുടെ കൈയും പിടിച്ച് മുറ്റത്തേക്കിറങ്ങി.
പിന്നീട് ആ കൈ വിടുന്നത് സ്കൂളില്‍ എത്തിയ ശേഷമാണ്.
അന്നത്തെ ദിവസം  കുട്ടിക്ക് നായയെ പേടിക്കേണ്ടി വന്നില്ല.
ജോലിക്കാരൻ കൃത്യമായി ജോലി നിർവ്വഹിക്കുന്നവനാണ്.
നടന്നു പോകുമ്പോൾ, തൻറെ കൈവിട്ട് ഒന്നു സ്വതന്ത്രമാക്കിയിരുന്നെങ്കിൽ എന്നു കുട്ടി ആഗ്രഹിച്ചു.
വേലിക്കരുകിൽ മനോഹരമായ ഒരു പുഷ്പം കുട്ടി കണ്ടു.
അതു പൊട്ടിച്ചുതരാമോ എന്നു  ചോദിച്ചു.
കുട്ടിയുടെ ആവശ്യം ജോലിക്കാരൻ സാധിച്ചു കൊടുത്തില്ല.
ആ പൂവിന്റെ പേരെന്താണെന്ന് കുട്ടി ചോദിച്ചു.
പൂവിന്റെ  പേര് പറഞ്ഞു കൊടുക്കുന്നത് തൻറെ ഉത്തരവാദിത്വമല്ലാത്തതിനാൽ ,അവിടെയും ഇവിടെയും ശ്രദ്ധിക്കാതെ, ധൃതിയിൽ നടക്കുവാൻ അയാൾ കുട്ടിയോട് ആവശ്യപ്പെട്ടു.
കുട്ടി നിശബ്ദനായി അനുഗമിച്ചു.
മധ്യമത്തിൽ കർമ്മം ചെയ്തു കൊണ്ടിരുന്ന അയാളെ ഒരിക്കലും കുറ്റപ്പെടുത്തുവാൻ കഴിയില്ല.
ഇത്തരം  മനുഷ്യർ നാട്ടില്‍ ആവശ്യമാണ്.

പിറ്റേന്നു ആ കുട്ടി മൂന്നാമത്തെ ജോലിക്കാരൻറെ കൂടെയാണ് സ്കൂളില്‍ പോയത്.
കുട്ടിയുടെ കൈപിടിച്ച് സഹായിക്കേണ്ട സമയങ്ങളിൽ മാത്രം അയാള്‍  കൈപിടിച്ചു. അല്ലാത്തപ്പോൾ സ്വതന്ത്രനായി നടക്കാൻ അനുവദിച്ചു.
നായകൾ എതിരെ നടന്നുവരവെ ജാഗ്രതയോടെ നിലകൊണ്ടു.
നടന്നുപോകുംവഴി ആ കുട്ടി ഒരു മൂളിപ്പാട്ടു പാടിയപ്പോൾ അയാൾ അവനെ പ്രോത്സാഹിപ്പിച്ചു.....
വഴിവക്കിൽ കണ്ട പൂക്കളുടെയുംപൂമ്പാറ്റകളുടെയും മരങ്ങളുടെയും കായ്കനികളുടെയും പേരുകളും പൊരുളുകളും കുട്ടി ചോദിച്ചു കൊണ്ടേയിരുന്നു.
ചോദ്യങ്ങളെയും ആകാംക്ഷകളേയും തല്ലിക്കെടുത്തുവാൻ അയാൾ ശ്രമിച്ചതേയില്ല........
ജിജ്ഞാസയുടെ അഗ്നി ആളിക്കത്തിക്കുന്ന വിറകു കൊള്ളികളായിരുന്നു അയാളുടെ ഓരോ മറുപടിയും....
പതിവുപോലെ കുട്ടി അയാളോട് കഥ പറയാൻ ആവശ്യപ്പെട്ടപ്പോൾ,
  കഥാ സരിത് സാഗരത്തിൽ നിന്നുള്ള കൗതുകകരമായ ഒരുകഥയാണ് അന്ന് പറഞ്ഞു കൊടുത്തത് .
അത്രയും ദൂരം നടന്ന് സ്കൂളിലെത്തിയ കാര്യം കുട്ടി അറിഞ്ഞതേയില്ല....
മൂന്നു ജോലിക്കാരും ഒരു പോലെ ശമ്പളം വാങ്ങുന്നവരായിരുന്നു.
മൂന്നുപേരും അവരുടെ കടമകൾ നിർവ്വഹിക്കുകയും ചെയ്തു.
ഒരു കർമ്മം ചെയ്യുമ്പോൾ അത് ഉത്തമത്തിലോ മധ്യമത്തിലോ അധമത്തിലോ എന്നു ആരും ചിന്തിക്കാറില്ല.
സ്വന്തം വാസനകൾക്കനുസരിച്ച് ഓരോരുത്തരും കർമ്മങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു.
ഉത്തമത്തിൽ കർമ്മങ്ങൾ ചെയ്യുന്നവർ ആദരണീയരാണ്.
ഒരു കർമ്മം ഉത്തമത്തിൽ ചെയ്യുന്നതെങ്ങനെ എന്നു പറഞ്ഞു ഫലിപ്പിക്കാനാവില്ല.
പക്ഷേ, അതിനെ വേണമെങ്കിൽ ഇങ്ങനെ നിർവചിക്കാം,
ഒരു ഉത്തരവാദിത്വം നിർവ്വഹിച്ചു കഴിയുമ്പോൾ   സംതൃപ്തിയും ആനന്ദവും ആത്മനിർവൃതിയും അനുഭവപ്പെടുകയാണെങ്കിൽ, നിങ്ങൾ നിർവ്വഹിച്ചത്  ഒരു ഉത്തമ കർമ്മമാണ്.
ഏതു കർമ്മമെടുത്താലും നമുക്കതിനെ ഉത്തമമാക്കി മാറ്റാം.
മധ്യമത്തിൽ അതു ചെയ്തുതീർത്ത് പ്രതിഫലം വാങ്ങാം.
അധമമായ രീതിയില്‍ ചെയ്തു ഇത്രയൊക്കെയേ പറ്റൂ എന്നുപറഞ്ഞു സ്ഥലം വിടാം.
നമുക്കിടയിൽ ഈ മൂന്നു വിഭാഗക്കാരേയും നമുക്ക് കാണാവുന്നതാണ്.
നിസ്സാര കാര്യങ്ങൾക്ക് വലിയ തടസ്സവാദങ്ങളും പരാതികളും  പറഞ്ഞു ഉത്തരവാദിത്തങ്ങൾ നാമ മാത്രമായി നിർവ്വഹിച്ച് പ്രതിഫലവും വാങ്ങിപ്പോകുന്നവരുണ്ട്.
യഥാർത്ഥത്തിൽ അത് പ്രതിഫലമല്ല, മോഷണമുതലാണ് .
തടസ്സങ്ങളെ വകതിരിവോടെ തരണം ചെയ്ത്  കർമ്മങ്ങൾ ഉത്തരവാദിത്വത്തോടെ നിർവ്വഹിക്കുന്നവരുമുണ്ട്.
അതിനപ്പുറം പോയി, സമർപ്പണ മനോഭാവത്തോടെ സർഗ്ഗാത്മകമായി കർമ്മങ്ങളെ മാറ്റിത്തീർക്കുന്നവരും ഉണ്ട്.
ഒരു ആത്മപരിശോധന നടത്തുന്നത് നല്ലതല്ലേ?
ഈ മൂന്നു വിഭാഗക്കാരിൽ, എവിടെയാണ് നമ്മുടെ സ്ഥാനം ?
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !